ജീവിതത്തിൽ സ്വപ്നങ്ങളില്ലാത്തവരായി ആരുംതന്നെയില്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട് , നല്ലൊരു കാറ്, കുടുംബവുമായി വിദേശത്തേക്കുള്ള വിനോദയാത്ര, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളിൽ അവസാനമായി സന്തോഷപ്രദമായ റിട്ടയർമെന്റ് ജീവിതവും. എന്നാൽ എത്ര പേർ ഇവയെല്ലാം നേടിയെടുക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?. സങ്കടകരമായ വസ്തുത ബഹുഭൂരിപക്ഷം പേർക്കും ഇവയിൽ പലതും നേടിയെടുക്കാനാവുന്നില്ല എന്നതാണ്. എന്തുകൊണ്ട്?
സ്വപ്‌നങ്ങൾ എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അവയെ ലക്ഷ്യങ്ങളാക്കാത്തിടത്തോളം കാലം അവ വായുവില്‍ ചീട്ടുകൊട്ടാരം നിര്‍മിക്കുന്നതിന് തുല്യമാണ്. അതിനൊരു വ്യക്തതയുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങൾക്കും സ്വപ്‌നങ്ങൾ നേടിയെടുക്കാനാവാതെ ജീവിതം അവസാനം ഭാഗ്യത്തിനും വിധിക്കും വിട്ടുകൊടുക്കേണ്ടിവരുന്നത്.
എങ്ങനെ നിങ്ങളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാം?
സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള ആദ്യപടി നമ്മുടെ സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക എന്നുള്ളതാണ്. ഉദാഹരണമായി നിങ്ങളുടെ ഒരു സ്വപ്നമാണ് ഡൽഹിയിലേക്ക് കുടുംബവുമൊത്തുള്ള ഒരു യാത്ര എന്നിരിക്കട്ടെ. ഈ യാത്ര യാഥാർഥ്യമാക്കണമെങ്കിൽ ഇതിനെ ലക്ഷ്യമാക്കിയേ തീരു. അതിനായി പ്രധാനമായും മൂന്നു ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചിരിക്കണം.
- എവിടേ എത്തണം?
- എപ്പോൾ എത്തണം?
- എങ്ങനെ എത്തണം?
ആദ്യത്തെ രണ്ടു ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇവിടെനിന്നും ഡൽഹിയിലേക്കുള്ള ദൂരവും, നിങ്ങൾക്കെത്തിപ്പെടേണ്ടുന്ന സമയവുമാണ്. ഇതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞാൽ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുന്നു. നിങ്ങളുടെ സമയപരിധിക്കുള്ളിൽ തന്നെ അവിടെ എത്തിച്ചേരുന്ന വേഗതയുള്ള ഒരു വാഹനം അത് ബൈക്കോ, കാറോ, ട്രെയിനോ, ഫ്ലൈറ്റോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സമയ സൗകര്യത്തിനും സാമ്പത്തികസ്ഥിതിക്കും അനുസരിച്ചു തിരഞ്ഞെടുത്തു മുൻകൂർ ബുക്ചെയ്യന്നു. യാത്രയിലെ വിവിധ ഘട്ടങ്ങളും,നമ്മുടെ ലക്ഷ്യസ്ഥാനവും എപ്പോൾ, എങ്ങിനെ എത്തിച്ചേരുമെന്ന് യാത്രക്ക് മുൻപുതന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കുന്നു. ആ പ്ലാൻ നടപ്പിലാക്കുന്നു. യാത്ര സഫലമാകുന്നു. ഇവിടെ ആദ്യ രണ്ടു ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചാൽ മാത്രമേ എങ്ങനെ, എത്തിച്ചേരുമെന്ന് തീരുമാനിക്കാൻ കഴിയൂ അതുവഴി മാത്രമേ കാലങ്ങളായി മുടങ്ങിക്കിടന്ന വെറും സ്വപ്നങ്ങളായിരുന്ന യാത്രകൾ സഫലമാക്കാനും കഴിയൂ.
ഇനി നിങ്ങൾ സാമ്പത്തികമായി നേടാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളിലേക്ക് വരാം. പലർക്കും സാമ്പത്തിക സ്വപ്‌നങ്ങൾ മാത്രമേയുള്ളൂ. അവയൊന്നും ലക്ഷ്യങ്ങളാക്കിയിട്ടില്ല. എന്തെന്നാൽ എനിക്കൊരു വീടുവെക്കണമെന്നു പറയുന്നത് വെറും സ്വപ്നം മാത്രമാണ്. എന്നാൽ എനിക്ക് അടുത്ത 15 വര്ഷം കൊണ്ട് 25 ലക്ഷം രൂപയുടെ വീടുവെക്കണമെന്നു പറഞ്ഞാൽ അത് വ്യക്തമായ ലക്ഷ്യമാകുന്നു. അതായതു പ്രതിവർഷം മാറ്റിവെക്കേണ്ടത് 1.66 ലക്ഷം രൂപ , പ്രതിമാസം വെറും 13,880 രൂപ. 25 ലക്ഷം രൂപ എന്ന വലിയ സ്വപ്നം ഇപ്പോൾ നമുക്ക് മുന്നിൽ വളരെ ചെറുതായി പ്രതിമാസം 13,880 രൂപ എന്ന ചെറിയ സംഖ്യയിലേക്കൊതുങ്ങി. ഇപ്പോൾ കൂടുതൽ വ്യക്തതയായില്ലേ?. ഇപ്പോൾ ഈ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാനും സമ്പാദിക്കാനുമുള്ള ഊർജം വന്നില്ലേ?.
എങ്ങനെ ലക്ഷ്യത്തിൽ എത്തിച്ചേരും?.
യാത്രയ്ക്ക് വിവിധ സ്പീഡിലുള്ള വാഹനം തിരഞ്ഞെടുത്ത പോലെ വിവിധ ആദായ തരുന്ന നിക്ഷേപ രീതികളിലൂടെ നമുക്കതു സാധ്യമാക്കാം. ശരാശരി പണപ്പെരുപ്പം 7 % കണക്കാക്കിയാൽ 15 വര്ഷമാവുമ്പോഴേക്കും ഇന്നത്തെ 25 ലക്ഷം രൂപയുടെ വീടിനു 71 ലക്ഷം രൂപ കണക്കാക്കേണ്ടിവരും. അതായതു 71 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്കാണ് വരുന്ന 15 വർഷം സമയം കൊണ്ട് എത്തിച്ചേരേണ്ടതു. ഇവിടെ നിങ്ങള്ക്ക് മുന്നിൽ വളരെ റിസ്ക് കുറഞ്ഞ ബാങ്ക് FD മുതൽ കൂടുതൽ ആദായം തരുന്ന റിസ്ക് താരതമ്യേന കൂടിയ നിക്ഷേപം വരെയുണ്ട്. നിങ്ങൾ എങ്ങനെ ലക്ഷ്യത്തിലെത്തിച്ചേരണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്.ബാങ്ക് FD ഉപയോഗിച്ചാൽ 15 വർഷത്തേയ്ക്ക് പ്രതിമാസം 23,750 രൂപയും, ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിലൂടെ 14,100 രൂപയും. ഇനി സമയം കൂട്ടാൻകഴിയുമോ? അതായതു ലക്‌ഷ്യം നേടാൻ 20 വർഷമുണ്ടെങ്കിൽ നിക്ഷേപസംഖ്യ വീണ്ടും കുറഞ്ഞു വെറും 10,100 രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ ലക്ഷ്യത്തിലെത്താം. താഴെ ടേബിൾ നോക്കുക. ഓരോ നിക്ഷേപകന്റെയും സാമ്പത്തികസ്ഥിതിക്കനുസരിച്ചും, നിക്ഷേപകാലയളവിനനുസരിച്ചും, റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ചും വേണം യഥാർത്ഥ നിക്ഷേപമാർഗം തിരഞ്ഞെടുക്കാൻ. ലക്ഷ്യമാണ് പ്രധാനം, അതിന് കണ്ടെത്തുന്ന മാർഗം പ്രശ്നമില്ല. അതുപോലെ തന്നെയാണ് നിക്ഷേപത്തിന്റെ കാര്യവും. വ്യക്തമായ ലക്ഷ്യബോധത്തോടും തയ്യാറെടുപ്പുകളോടും കൂടിയ നിക്ഷേപങ്ങൾ നിക്ഷേപകർക്ക് കൂടുതൽ ആദായവും മനസ്സമാധാനവും നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വന്തമായി ഭവനം എന്ന വലിയൊരു ലക്‌ഷ്യം ചെറിയ നിക്ഷേപത്തിലൂടെ നേടാൻ കഴിയുന്നത് വ്യക്തമായി നേരത്തെ പ്ലാൻ ചെയ്യുന്നവർക്ക് മാത്രമാണ്. ഇങ്ങനെ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന എല്ലാ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളാക്കുക. ജീവിതത്തിൽ ഓരോരുത്തർക്കും ക്യവരിക്കേണ്ടുന്ന എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുമ്പോൾ ഏതാണ് പ്രാധാന്യമുള്ളതു , പ്രാധാന്യമില്ലാത്തത് എന്ന് തിരിച്ചറിയാൻ കഴിയുന്നു. ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യങ്ങളെ തിരിച്ചറിയാനായില്ലെങ്കിൽ അനാവശ്യ കാര്യങ്ങൾക്കായി പണം നമ്മൾപോലുമറിയാതെ ചെലവായിക്കൊണ്ടിരിക്കും. നേടേണ്ടുന്ന എല്ലാ ലക്ഷ്യങ്ങളും പ്ലാൻ ചെയ്യുന്നതിലൂടെ മാത്രമേ എത്രയാണ് ഓരോരുത്തരും അതിനായി നിക്ഷേപിക്കേണ്ടതെന്നും അതുവഴി സ്വന്തം ശമ്പളം കൂട്ടാനും അഥവാ ജോലികയറ്റത്തിന്ള്ള ശ്രമം പോലും നടത്തൂ. മുന്നില്‍ ലക്ഷ്യങ്ങളുണ്ടായാലെ അവയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പരിശ്രമിക്കാന്‍ പോലും കഴിയൂ. ലക്ഷ്യം മുന്നിലില്ലെങ്കില്‍ സമ്പാദിക്കേണ്ട ആവശ്യംതന്നെയില്ലല്ലോ?.
ജീവിതത്തിലെ നിങ്ങൾ നേടാനാഗ്രഹിക്കുന്ന സ്വപ്നങ്ങളും , അവയെല്ലാം കൈവരിക്കേണ്ട സമയവും നമുക്ക് കൃത്യമായിട്ടറിയാമെങ്കിൽ എന്ത് കൊണ്ട് അവയെല്ലാം ലക്ഷ്യങ്ങളാക്കി പ്ലാൻ ചെയ്തുകൂടാ. നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശരിയായ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുക. ഓരോരുത്തർക്കും യോജിച്ച ഫിനാൻഷ്യൽ പ്ലാനിങ്ങും ശരിയായ മാർഗനിർദേശവും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാൻ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക. സന്തോഷകരമായ ജീവിതത്തിനു നിങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളാക്കാനും അവ കൈവരിക്കാനും എല്ലാവർക്കുമാകട്ടെ.
Leave a Reply