നമുക്ക് ഒരു പനി വന്നു എന്നിരിക്കട്ടെ, എന്ത് ചെയ്യും?. എന്ത് ചെയ്യാൻ, ഒട്ടും വൈകിക്കാതെ ഡോക്ടറെ കാണിക്കും അല്ലെ?.
അതെ ഡോക്ടറെ കാണുന്നു നമ്മുടെ യഥാർത്ഥ പ്രശ്നങ്ങളും എല്ലാ അസ്വസ്ഥതകളും പറയുന്നു. ഡോക്ടറുടെ വിശദമായ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ശേഷം അദ്ദേഹം രോഗം പനിയാണെന്നു കണ്ടെത്തി മരുന്ന് കുറിക്കുന്നു. നിർദ്ദേശിച്ച മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ അഥവാ പഥ്യം പ്രകാരം കഴിക്കുന്നു നമ്മുടെ അസുഖം മാറുന്നു. എല്ലാം ശുഭം.
ഇനി ഒന്ന് ചോദിച്ചോട്ടെ?. സത്യത്തിൽ ഡോക്ടർ തന്ന മരുന്നാണോ നമ്മുടെ രോഗം ഭേദമാക്കിയത്?. മരുന്ന് മാത്രമാണെന്ന് പറയാനാകുമോ ?. മരുന്ന് മാത്രമല്ല അല്ല?. എന്തെന്നാൽ മരുന്ന് കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിൽ, ചിട്ടയായ പഥ്യത്തോട് കൂടി കഴിച്ചത് കൊണ്ടും കൂടയല്ലേ അസുഖം മാറിയത്. അല്ലാതെ കയ്യിൽ കിട്ടിയ മരുന്ന് ഒരു കണക്കും ചിട്ടയുമില്ലാതെ കഴിച്ചിരുന്നെങ്കിലോ?. വലിയൊരാപകടം തന്നെ സംഭവിക്കുമായിരുന്നില്ല?. യാഥാർത്യത്തിൽ അസുഖം ഭേദമാക്കുന്നതിൽ മരുന്നിനും പഥ്യത്തിനും തുല്യപ്രാധാന്യമാണുള്ളത്. 50:50 % എന്ന് പറയേണ്ടിവരും. മരുന്നിനോളം തന്നെ പ്രാധാന്യം അത് കഴിക്കേണ്ടുന്ന രീതി അഥവാ പഥ്യത്തിനുണ്ട്. മരുന്നിനൊപ്പം കൃത്യമായ പഥ്യം പാലിക്കുന്നതുകൊണ്ടാണ് അസുഖം സുഖപ്പെടുന്നതും ഫലപ്രാപ്തി ലഭിക്കുന്നതും.
നിക്ഷേപത്തിലും വേണം പഥ്യം.
അസുഖത്തിന്റെ കാര്യത്തിൽ നമ്മളെല്ലാം തന്നെ മരുന്നിനോടൊപ്പം തുല്യപ്രാധാന്യത്തോടെ പഥ്യം പാലിക്കുമെങ്കിലും നിക്ഷേപത്തിന്റെ കാര്യത്തിൽ വല്ല പഥ്യവും പാലിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇല്ല എന്നതാണ് സത്യം. ഭൂരിഭാഗം നിക്ഷേപകരും മരുന്ന് അഥവാ പ്രോഡക്റ്റ് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. ഏതൊരു നിക്ഷേപത്തിലായാലും എന്താണ് നമ്മുടെ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി എന്നതിനെക്കുറിച് ഓർക്കാറുപോലുമില്ല. പലരും ഇതിനു പ്രാധാന്യമേ കൊടുക്കാറില്ല എന്നതാണ് സത്യം.
നിക്ഷേപത്തിൽ പാലിക്കപ്പെടേണ്ട ഒരു പ്രധാന ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിയുടെ പേരാണ് അസറ്റ് അലോക്കേഷൻ അഥവാ ആസ്തി ക്രമീകരണം. പഠനങ്ങൾ തെളിയിക്കുന്നത് നമ്മുടെ നിക്ഷേപ പോർട്ടഫോളിയോയുടെ ആദായം, സ്ഥിരത എന്നിവ നിർണയിക്കപ്പെടുന്നതിൽ 91 ശതമാനം പങ്ക് വഹിക്കുന്നത് അസറ്റ് അലോക്കേഷൻ ആണെന്നാണ്. എന്നാൽ കൂടുതൽ നിക്ഷേപകരും സമയം ചിലവഴിക്കുന്നത് ബെസ്റ് ഫണ്ട് കണ്ടെത്താനും, വിപണി കയറ്റിറക്കങ്ങൾ നോക്കി നിക്ഷേപിക്കാനുമാണ്. ശരിയായ അസറ്റ് അലോക്കേഷൻ ഇല്ലാതെയുള്ള ഏതൊരു നിക്ഷേപവും വിപണി ചാഞ്ചാട്ടങ്ങളിൽ നിക്ഷേപകന് അപകടം വരുത്തി വയ്ക്കും.
അസറ്റ് അലോക്കേഷൻ എങ്ങനെ റിസ്ക് മാനേജ് ചെയ്യുന്നു.
ഏതെങ്കിലും ഒരു അസറ്റ് ക്ലാസ്സിൽ പൂർണമായും നിക്ഷേപിച്ചാൽ ഉണ്ടാവാവുന്ന നഷ്ടസാധ്യതയിൽനിന്നും നിക്ഷേപത്തെ പരിരക്ഷിക്കുന്നതിനുവേണ്ടി നിക്ഷേപം നിക്ഷേപകന്റെ വയസ്സ്, സാമ്പത്തികലക്ഷ്യം, റിസ്ക് എന്നിവക്കനുസരിച്ചു വിവിധ അസറ്റ് ക്ളാസ്സുകളായ ഇക്വിറ്റി, ബോണ്ട്, ഗോൾഡ്, റിയൽ എസ്റ്റേറ്റ്, ഇന്റർനാഷണൽ ഇക്വിറ്റി എന്നിങ്ങനെ വിഭജിച്ചു നിക്ഷേപിക്കുന്ന ഒരു നിക്ഷേപ തന്ത്രമാണ് അസറ്റ് അലോക്കേഷൻ . ഇതിലൂടെ നഷ്ടസാധ്യത നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാധ്യത കുറക്കുന്നു.
പ്രധാനമായും ഇക്വിറ്റി ഫണ്ടിലേയും ബോണ്ട് അഥവാ കടപ്പത്രത്തിലെയുമുള്ള അസറ്റ് അലോക്കേഷൻ എങ്ങനെ റിസ്ക് കുറയ്ക്കുമെന്ന് നോക്കാം. ഇക്വിറ്റി ഫണ്ടുകൾ ദീർഘകാലത്തേക്കു ഉയർന്ന റിട്ടേൺസും ബോണ്ടുകൾ കുറഞ്ഞ റിസ്കിൽ ബാങ്ക് FD യെക്കാൾ ഉയർന്ന സ്ഥിരതയുള്ള ആദായവും നല്കുമെന്നറിയാമല്ലോ?. അസറ്റ് അലോക്കേഷനിലൂടെ എങ്ങനെ റിസ്ക് മാനേജ് ചെയ്യാംഎന്നറിയാൻ താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക. 1999 മുതൽ 2019 വരെയുള്ള കാലയളവിൽ (20 വർഷം), ഇന്ത്യൻ ഓഹരി വിപണിയിലെ സൂചികയായ സെൻസെക്സിന്റെ ശരാശരി നേട്ടം 16% ഉം ബോണ്ടിൽ ശരാശരി 10.17 % നേട്ടവും രേഖപ്പെടിത്തിയിട്ടുണ്ട്. ഈ കാലയളവിൽ സെൻസെക്സിലെ ഒരു വർഷത്തിലെ കൂടിയ നഷ്ടം 2009 ൽ -34% ശതമാനവും മീഡിയം ടേം ബോണ്ടുകൾക്ക് 2009 ൽ -5.1% ശതമാനവുമാണ്. അതായതു നേരിട്ട് 100 % ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ലഭിക്കാവുന്ന നേട്ടം 16 ശതമാനവും ഒരു വർഷത്തിൽ വന്നേക്കാവുന്ന പരമാവധി നഷ്ടസാധ്യത -34% ശതമാനവും. അസറ്റ് അലോക്കേഷൻ ചെയ്യുന്നതിലൂടെ പോർട്ടഫോളിയോ റിട്ടേൺസ് അതികം കുറയാതെ തന്നെ നഷ്ടസാധ്യത -34 ഇൽ നിന്നും -5 ആയി കുറയുന്നതായി ടേബിളിൽ കാണാം. അതുപോലെ ഓരോ അഞ്ചു വർഷത്തെ ടേബിൾ നോക്കിയാൽ 50:50 അലോക്കേഷനിലൂടെ തന്നെ 13.03 % റിട്ടേൺസ് നിലനിർത്തിക്കൊണ്ടു നഷ്ടസാധ്യത 0 .89 ആയതായി കാണാം. അതായതു 5 വർഷത്തേയ്ക്ക് മുകളിലുള്ള 50 50 ഇക്വിറ്റി, ഡെബ്റ് അസറ്റ് അലോക്കേഷൻ ചെയ്തുകൊണ്ടുള്ള നിക്ഷേപത്തിലൂടെ പോർട്ടഫോളിയോ റിസ്ക് അഥവാ നഷ്ട സാധ്യതയെ നമ്മൾ പൂർണമായും വരുതിയിലാക്കി.
അസറ്റ് അലോക്കേഷനിലൂടെ റിസ്ക് മാനേജ്മന്റ് മാത്രമല്ല സ്ഥിരതയാർന്ന ആദായം, സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള പോർട്ടഫോളിയോയോയെ വിന്യാസം, ടാക്സ് നേട്ടം എന്നിവയും കൈവരിക്കാവുന്നതാണ്. മാർക്കറ്റ് കയറ്റിറക്കങ്ങൾക്കനുസരിച്ചു കൃത്യമായ ഇടവേളകളിൽ പോർട്ടഫോളിയോ റീബാലൻസിങ് ചെയ്യുന്നതിലൂടെ ഉയർന്ന പോർട്ടഫോളിയോ റിട്ടേണും സാധ്യമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തുമായിക്കൊള്ളട്ടെ എല്ലായ്പ്പോഴും നിക്ഷേപകന്റെ വയസ്സ്,സാമ്പത്തികസ്ഥിതി, റിസ്കെടുക്കാനുള്ള കഴിവ് എന്നിവയ്ക്കനുസരിച്ചു അവരവർക്കു യോജിച്ച അസറ്റ് അലോക്കേഷൻ കൂടിയേ നിക്ഷേപം തുടങ്ങാവൂ. ഓരോരുത്തർക്കും യോജിച്ച ഫിനാൻഷ്യൽ പ്ലാനിങ്ങും ശരിയായ മാർഗനിർദേശവും, അസറ്റ് അലോക്കേഷനും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാൻ വിദഗ്ദനായ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടാവുന്നതാണ്.
Leave a Reply