ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, കൂപ്പുകുത്തി എന്നിങ്ങനെ പേടിപ്പെടുത്തുന്ന വർത്തകളാൽ എല്ലാവരെപ്പോലെയും നിങ്ങളും ഇപ്പോൾ  ഇനിയെന്തുചെയ്യണമെന്നും ചിന്തിച്ചിരിക്കുകയാവും അല്ലെ? .മുൻപും ഇതിനേക്കാൾ കുത്തനെയുള്ള ഓഹരിവിപണിയുടെ വീഴ്ച നിങ്ങൾ കണ്ടിട്ടുണ്ടാകാം, പക്ഷേ ഇത്തവണ എല്ലാതവണത്തേയും പോലെയല്ല അല്ലെ?. അതെ ഇത്തവണ ഭയം പതിന്മടങ്ങു വ്യാപിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കു നന്ദി, ഇത്തവണയും മാധ്യമങ്ങൾ അവരുടെ ജോലി വെടിപ്പായി ചെയ്തിട്ടുണ്ട്.

COVID-19 വെറുമൊരു പകർച്ചവ്യാധിയിൽ നിന്ന് ഇന്ന് ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ വിപണിയെ മാത്രമല്ല ആഗോള മാന്ദ്യത്തിനും കൂടി കാരണമായിരിക്കുന്നു. കൊറോണ വൈറൽ ഇംപാക്റ്റിനേക്കാൾ ജനങ്ങളിലുള്ള ഭയം കൂടുതൽ വിനാശകരമാണ്. ഇത് ലോകമൊട്ടാകെ സമ്പത്- വ്യവസ്ഥയിൽ താളപ്പിഴകൾ സൃഷ്ഠിച്ചേക്കാം.

വിപണിമൂല്യത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ 3 ആഴ്ച മുൻപുള്ള മൂല്യം 9.53 ലക്ഷം കോടി ആയിരുന്നു, എന്നാൽ ഇന്ന് അത് 6 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഏഷ്യയിലെ തന്നെ  ഏറ്റവും ധനികനായ വ്യക്തിക്ക് കൊറോണ മൂലം വിപണി തകർച്ചയിൽ നേരിട്ടത് ഇതാണ്. നഷ്ടം ചില്ലറയല്ല, 3 ലക്ഷം കോടിക്ക് മുകളിലാണ്. എന്നാൽ ഈ അവസ്ഥയിൽ അദ്ദേഹം എല്ലാവരെപോലെയും പരിഭ്രാന്തനാണോ?. അല്ല  അദ്ദേഹം ശാന്തനാണ്. കാരണം എന്താണെന്നല്ലേ?. ഓഹരി വിപണിയിൽ ബഹു ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കുന്നത് ഓഹരിയുടെ വില മാത്രമാണ്, എന്നാൽ വളരെ കുറച്ചു പേർ മാത്രമേ മൂല്യത്തെക്കുറിച്ചു ബോധവാന്മാരായിട്ടുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്ടെ ബിസിനസ്സിന്റെ യഥാർത്ഥ വിലയും
മൂല്യവും തമ്മിലുള്ള വ്യത്യാസം കൃത്യമായറിയാം.സ്റ്റോക്ക് മാർക്കറ്റിൽ താത്കാലികമായി മാറിക്കൊണ്ടിരിക്കുന്ന മാർക്കറ്റ് വിലയ്ക്കനുസരിച്ചല്ല യഥാർത്ഥത്തിൽ  കമ്പനിയുടെ മൂല്യം അളക്കുന്നത്. മറിച്ചു ആ കമ്പനിയുടെ ഉല്പന്നത്തിന്റെ വിപണനത്തിലും, വില്പനയിലുള്ള വരുമാന വളർച്ചയിലും, ലാഭത്തിലും, അസ്റ്റിലുമൊക്കെയാണ്.  എല്ലാത്തിനുമുപരി വരും മാസങ്ങളിലോ ആഴ്ചകളിലോ ഓഹരി വിറ്റു ഒരു ദീർഘകാല സാമ്പത്തിക ലക്ഷ്യവും അദ്ദേഹത്തിന് കൈവരിക്കാനുമില്ല.

അതുപോലെ തന്നെയായിരിക്കണം ഏതൊരു നിക്ഷേപകനും. വിപണിയിലെ താത്കാലിക ചലനങ്ങളാലും വികാരങ്ങളാലും സ്വാധീനിക്കപ്പെടാതിരിക്കണം.നമ്മുടെ പോർട്ട്‌ഫോളിയോ ഇന്ന് കുറഞ്ഞ മൂല്യം കാണിക്കുമെന്നത് ശരിതന്നെ, എന്നാൽ എന്നന്നേക്കുമായി ഇങ്ങനെ തുടരുമെന്നും നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്നും ഇതിനർത്ഥമില്ല. ഒരിക്കലും അങ്ങനെ കരുതരുത് . മാർക്കറ്റ് കൊറോണ രഹിതമാകുന്നതുവരെ നിരന്തരം പോർട്ട്‌ഫോളിയോ കാണാതിരിക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം.

റിയൽ എസ്റ്റേറ്റിലും സമാനമായ ഇടിവുകൾ കാലാകാലങ്ങളിൽ സംഭവിക്കാറില്ല? മുൻപ് സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഈ അടുത്ത് പ്രളയം വന്നപ്പോഴും നമ്മളാരെങ്കിലും സ്ഥലത്തിന്റെ വിലയിടിവിനെക്കുറിച്ചോർത്തു  വിഷമിക്കുകയോ,  ഉടനെ സ്ഥലവും വീടും കിട്ടിയ വിലക്ക് വിൽക്കാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. കാരണം നമുക്കറിയാമായിരുന്നു അതെല്ലാം താത്കാലികമാണെന്നും താമസിയാതെ അത് വീണ്ടെടുക്കുമെന്നും.

അതുപോലെ സ്വർണവില 2012 ൽ അതിന്റെ ഉന്നതിയിലായിരുന്നു, ശേഷം  കുത്തനെ ഇടിഞ്ഞു, അന്താരാഷ്ട്രതലത്തിൽ അതിന്റെ 2012 ലെ ഏറ്റവും ഉയർന്ന വില ഇനിയും എത്തിയിട്ടില്ല. എന്നിട്ടും ആളുകൾ‌ കൂടുതൽ‌ സ്വർണം വാങ്ങിച്ചുകൂട്ടാനാണ് വ്യഗ്രത കൂട്ടുന്നത്. ആ ഇടിവിനു ശേഷം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണം രേഖപ്പെടുത്തിയത് ഏകദേശം 35% നേട്ടമാണ്.

സ്വർണവും സ്ഥലവും എപ്പോളൊക്കെ വിലത്തകർച്ച നേരിടുന്നുവോ അപ്പോഴൊക്കെ നമ്മൾ അവ കൂടുതൽ വാങ്ങിച്ചുകൂട്ടാനാണ് ശ്രമിക്കാറ്. കാരണം ഈ അസ്ഥികൾ നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത് യൂണിറ്റുകളായിട്ടാണ്. ഇത്ര പവൻ സ്വർണം കയ്യിലുണ്ട് അല്ലെങ്കിൽ ഇത്ര സെന്റ് സ്ഥലം ഉണ്ട് എന്നല്ലേ പറയാറ്?. അതിനാൽ തന്നെ വില കുറയുമ്പോൾ കൂടുതൽ  പവൻ സ്വർണം അല്ലെങ്കിൽ യൂണിറ്റ് കൂടുതൽ കിട്ടുമെന്നറിയാം.  ശരിതന്നെ. എന്നാൽ ഇതേ രീതിയിൽ തന്നെയല്ലേ ഓഹരിയിലോ മ്യൂച്ചൽ ഫണ്ടിലോ ഉള്ള നിക്ഷേപവും. അവിടെയും ഇത്ര ഓഹരി അല്ലെങ്കിൽ ഇത്ര വിലയുള്ള ഫണ്ടിനെ യൂണിറ്റുകളായിത്തന്നെയാണ് നിങ്ങളുടെ നിക്ഷേപം.ഓരോ തവണ മാർക്കറ്റ് ഇടിയുമ്പോഴും അതൊരവസരമായി കണ്ടു കൂടുതൽ യൂണിറ്സ് വാങ്ങിക്കൂട്ടുകയല്ലേ വേണ്ടത്?.

ജീവിതത്തിൽ എല്ലാം സമയമെടുക്കുന്നു. നിങ്ങളുടെ പോർട്ട്‌ഫോളിയോ മൂല്യം  കുറച്ചു ദിവസത്തേക്ക് നഷ്ടം കാണിക്കുന്നുവെന്ന് കരുതി നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കൊരു കോട്ടവും സംഭവിക്കില്ല. സംശയമുണ്ടാകുമ്പോൾ എല്ലായ്പ്പോഴും പഴയ കാലത്തിലേക്ക് ഒന്ന് കണ്ണോടിക്കുക.ഇങ്ങനെ നേരത്തെ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പിന്നീട് വിപണി തകർച്ച വീണ്ടെടുത്തോ ഇല്ലയോ എന്ന് അന്വേഷിക്കുക. ചരിത്രം പരിശോദിച്ചാൽ കാണാവുന്നതേയുള്ളൂ, ഈ  തകർച്ച ഒരു തവണയല്ല ,  പലതവണ സംഭവിച്ചു, എന്നാൽ  എല്ലായ്പ്പോഴും വീണുപോയതിനേക്കാൾ കൂടുതൽ ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്.

താത്കാലിക മാർക്കറ്റ് ഇടിവ് മൂലമുണ്ടായ ഭയത്തെ നിങ്ങൾ  അദ്ധ്യാനിച്ചുണ്ടാക്കിയ സമ്പാദ്യം നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഒന്നോർക്കുക!!  നിങ്ങൾ ഒറ്റ നിക്ഷേപകനല്ല. മൊത്തം 5 കോടി വ്യക്തിഗത നിക്ഷേപകരുണ്ട് രാജ്യത്തു നിങ്ങൾക്കൊപ്പം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വലുപ്പവും ഇന്ന്  ഇന്ത്യയിൽ 28 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നു. ഇടിവ് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല, എന്നാൽ എത്രയൊക്കെ വീഴ്ച സംഭവിച്ചാലും അതെല്ലാം ഉടൻ വീണ്ടെടുക്കും എന്ന് പറയാൻ സാധിക്കും. വീണ്ടെടുത്തിട്ടുണ്ട്.നമുക്ക് നോക്കാം കഴിഞ്ഞ കാലങ്ങൾ.

  • 1992 വർഷം - സെൻസെക്സ് ഒരു വർഷത്തിൽ 54 % ഇടിവ്,  അടുത്ത 1.5 വർഷത്തിൽ 127% നേട്ടം.
  • വർഷം 1996 - 4 വർഷത്തിനുള്ളിൽ 40% ഇടിവ് , അടുത്ത വർഷം 115% ശതമാനം നേട്ടം.
  • വർഷം 2000 - സെൻസെക്സ് 1.5 വർഷത്തിൽ 56% ഇടിവ്.  അടുത്ത 2.5 വർഷത്തിൽ 138% ശതമാനവും നേട്ടം.
  • 2008 വർഷം - ഒരു വർഷത്തിൽ 61% ഇടിവ്, അടുത്ത 1.5 വർഷത്തിനുള്ളിൽ 157% ശതമാനവും നേട്ടം.
  • വർഷം 2010 - ഒരു വർഷത്തിൽ 28% ഇടിവ്,  അടുത്ത 3 വർഷത്തിനുള്ളിൽ 96% നേട്ടം.
  • വർഷം 2015 - ഒരു വർഷത്തിൽ 22.3% ഇടിവ്,  അടുത്ത 7 മാസത്തിനുള്ളിൽ 25% നേട്ടം.

  •   വർഷം 2020 - ഒരു വർഷത്തിൽ 32.3% ഇടിവ്,   നേട്ടം ???.

അതെ, പരിഭ്രാന്തരാകാനുള്ള സമയമല്ല ഇത്. വളരെയധികം ക്ഷമയും വിശ്വാസവും കാണിക്കേണ്ട സമയമാണിത്.  ഇപ്പോൾ നിങ്ങൾ ഭയന്ന് പിന്മാറുകയാണെങ്കിൽ നിങ്ങൾ ചെയ്യുന്നത്  നിങ്ങളുടെ സാങ്കൽപ്പിക നഷ്ടത്തെ യഥാർത്ഥ നഷ്ടമായി മാറ്റുകയാണ്. ഓർമ്മിക്കുക ഈ സമയവും കടന്നുപോകും.

ഞാൻ ഒരിക്കൽ എവിടെയോ വായിച്ചിട്ടുണ്ട് പരം വീർ ചക്ര ജയിക്കുന്ന ഭാരതത്തിലെ സൈനികരെപ്പറ്റി. സത്യത്തിൽ അവർ മറ്റുള്ളവരെ അപേക്ഷിച്ചു വലിയ ബുദ്ധിമാനും ധീരന്മാരുമൊന്നുമല്ല.   മറ്റുള്ള സൈനികരിൽ നിന്നും അവർക്കുള്ള വ്യത്യാസം എന്തെന്നാൽ, പലരും പരിഭ്രാന്തരാകുകയും ഭയക്കുകയും  നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവർ പരിശീലനത്തിനിടെ പഠിച്ച കാര്യങ്ങളെല്ലാം തന്നെ യഥാർത്ഥ ജീവിതസാഹചര്യത്തിൽ, യഥാർത്ഥ യുദ്ധത്തിൽ  പരിഭ്രാന്തരാവാതെ പ്രയോഗിക്കുന്നവരാണ്.

നിലവിൽ, ഞങ്ങൾ സാമ്പത്തിക ലോകത്ത് യുദ്ധം പോലെയുള്ള അവസ്ഥയിലാണ്. ഭയക്കരുത് ഈ സമയവും കടന്നുപോകും. നല്ല സമയങ്ങളിൽ നിങ്ങൾ പഠിച്ച കാര്യങ്ങൾ ഓർമ്മിച്ച് ഇപ്പോൾ പ്രയോഗിക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലത്തേക്കുള്ളതാണെന്ന് നിങ്ങൾക്കറിയാം. വിപണി ഇടിവുകളിൽ ശാന്തരായിരിക്കുക. മുൻപും വിപണിയിൽ   ഇടിവുകൾ ഉണ്ടായിരുന്നു,ഇനി ഭാവിയിലും ഉണ്ടാകും. നോബൽ പ്രൈസ് ജേതാവായ ബറോണിന്റെ വാക്കുകൾ ഓർക്കുക "The time to buy is when there's blood in the streets ". ഈ സമയങ്ങൾ സിസ്റ്റമാറ്റിക് ആയി ബുദ്ധിപൂർവം നിക്ഷേപിക്കാനുള്ള നല്ല അവസരങ്ങൾ ആയി ഉപയേഗിക്കുക.