സാമ്പത്തിക അഭിവൃദ്ധി ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ  

കഴിഞ്ഞ ലക്കത്തിലെ ലേഖനത്തിനെക്കുറിച്ചുള്ള പ്രതികരണങ്ങളിൽ പലരും റിട്ടയർമെൻറ് പ്ലാനിങ്ങിനെകുറിച്ചെഴുതിയ ലേഖനം കണ്ണ് തുറപ്പിക്കുന്നവയായിരുന്നുവെന്നറിയിച്ചതിൽ വളരെ സന്തോഷം. കൂടുതൽ സന്തോഷം തോന്നിയത് നമ്മുടെ നാട്ടിലെ തന്നെ ഒരു മത്സ്യകടയിലെ ഒരു വായനക്കാരൻ ലേഖനം വായിച്ചു പ്രതികരണമറിയിച്ചതിലായിരുന്നു.

ഈയിടെ കടയിൽ പോയപ്പോൾ നടന്ന സംഭവമാണ്. ലേഖനം വളരെ നന്നായെന്നു പറഞ്ഞതിനു ശേഷം ഞാനൊരു ഫിനാൻഷ്യൽ അഡ്വൈസർ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചോദ്യമിതായിരുന്നു. "സാറെ എനിക്കും വേണം വാർധ്യക്യത്തിൽ ഒരു വരുമാനം, എന്റെ റിട്ടയർമെൻറ് പ്ലാനിങ്ങിലേക്കായ് നിക്ഷേപിക്കാൻ ഏറ്റവും നല്ല ഒരു മ്യൂച്ചൽഫണ്ട് പറഞ്ഞു തരണം. പക്ഷെ ഒരു കാര്യം നിക്ഷേപം ഇപ്പോൾ തുടങ്ങില്ല,  രണ്ടു വർഷം കഴിഞ്ഞിട്ടേ തുടങ്ങൂ". അതെന്താ കാരണം ചേട്ടാ? ഞാൻ ചോദിച്ചു. "സാറേ ഇന്നെനിക്ക് 45000 രൂപ വരുമാനമുണ്ട് പക്ഷെ മാസാവസാനമാകുമ്പോഴേക്കും ഒരു രൂപ പോലും ബാക്കിയാവുന്നില്ല. രണ്ടു വർഷം കൊണ്ട് ഞാൻ ഇതിനേക്കാൾ വരുമാനമുള്ള ജോലിയിലേക്ക് മാറും അന്ന് തുടങ്ങാനാണ് പ്ലാൻ". ജോലി മാറിയത് തന്നെ ഇനി മാറിയാൽ തന്നെ ഇതുപോലെ  പണം ബാക്കിയുണ്ടാവുമോ?.  ഞാൻ പറഞ്ഞു "ചേട്ടാ നിക്ഷേപമൊക്കെ പിന്നീടുള്ള കാര്യം, ആദ്യം ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന വലിയ തെറ്റ് തിരുത്തൂ."

"Money is like water, If you don't give it a direction it will take its own direction."

"ആദ്യം ജീവിതത്തിൽ ഫിനാൻഷ്യൽ പ്ലാനിംഗ് കൊണ്ട് വരൂ. ഇല്ലെങ്കിൽ എത്രത്തോളം വരുമാനം വർധിച്ചാലും അത്രയും തന്നെ പാഴ്ചിലവുകളും വർധിച്ചുകൊണ്ടിരിക്കും ജീവിതാവസാനം വരെ മിച്ചം പിടിക്കാൻ ഒരു രൂപ പോലും കാണില്ല. നമ്മുടെ വരുമാനം അഥവാ പണം സത്യത്തിൽ വെള്ളത്തെപ്പോലെയാണ്. നമ്മൾ അതിന്നൊഴുകാനുള്ള കൃത്യമായ ദിശ പറഞ്ഞുകൊടുത്തില്ലെങ്കിൽ അത് അതിന്റെതായ ദിശ കണ്ടെത്തി ഒഴുകികൊണ്ടേയിരിക്കും". ഞാൻ പറഞ്ഞു നിർത്തി. "ശരിയാണ് സർ അഞ്ചു വർഷം മുൻപ് ഗൾഫിലായിരുന്നപ്പോൾ ശമ്പളം ഇതിലും കുറവായിരുന്നു. വെറും 30000 രൂപ!, പക്ഷെ അന്ന് പകുതി പണം വീട്ടിലേക്കയച്ചു കൊടുത്തശേഷം എല്ലാ ചെലവുകളും കഴിഞ്ഞാലും പ്രതിമാസം 8000 രൂപ സേവിങ്സ് ഉണ്ടായിരുന്നു. ഇന്ന് നാട്ടിൽ ഗൾഫിലേതിനേക്കാൾ  വരുമാനമുണ്ടായിരുന്നിട്ടുകൂടി  മാസം അവസാനിക്കുമ്പോൾ പണം എവിടെ ചിലവഴിച്ചു, എങ്ങോട്ടു പോയി എന്നുപോലും അറിയുന്നില്ല. ഞാൻ എന്തുചെയ്യണം? എനിക്കൊരു വഴി പറഞ്ഞു തരണം".ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല, ഇന്ന് കേരളത്തിലെ പല ആളുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. പക്ഷെ ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം. ഇതൊക്കെ മൂടിവച്ച വിധിയെപ്പഴിച്ചു ജീവിതം തള്ളി നീക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌?. ഗൾഫിൽ ശമ്പളം കുറവായിരുന്നിട്ടുകൂടി സേവ് ചെയ്യാൻ സാധിച്ചത് ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടായത് കൊണ്ടാണ്. നമ്മൾ ചെയ്യേണ്ടത് നമ്മുടെ വർത്തമാനകാലം (Present ) നന്നായി മാനേജ് ചെയ്യുകയും കൂടാതെ നമ്മുടെ ഭാവിയിലേക്കും കൂടി  (Future ) ആസൂത്രണം ചെയ്യുകയുമാണ്. പേഴ്സണൽ ഫിനാൻസിൽ വർത്തമാനകാലവും, ഭാവിയും എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?. നമ്മൾ വർത്തമാനകാലത്തിൽ സമ്പാദിക്കുകയും ഭാവിയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ആയതിനാൽ  തന്നെ വർത്തമാനവും ഭാവിയും കൈകാര്യം ചെയ്യുക എന്നത് ഫിനാൻഷ്യൽ പ്ലാനിങ്ങിലെ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

വർത്തമാനകാലം / ഇന്നത്തെ വരുമാനം എങ്ങനെ മാനേജ് ചെയ്യാം? 

നമ്മുടെ വരുമാനം മാനേജ് ചെയ്യാനുള്ള ആദ്യപടിയാണ് ബഡ്ജറ്റിംഗ്. എല്ലാ ചിലവുകളും എഴുതി വയ്ക്കുക. കൃത്യമായ ബഡ്ജറ്റിങ്ങിലൂടെ ഓരോ മാസത്തേയും വരുമാനത്തിൽനിന്നും നമ്മുടെ പണം എവിടെ ചിലവഴിച്ചു എന്നറിയാതെ എന്നാശ്ചര്യപ്പെടുന്നതിനു പകരം എവിടെയാണ് യഥാർത്ഥത്തിൽ ചിലവഴിക്കേണ്ടതെന്നുള്ള  തീരുമാനമെടുക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു. ഓർക്കുക ബഡ്ജറ്റിങ് എന്നത് പണം സേവ് ചെയ്യാനുള്ള പദ്ധതിയല്ല പകരം വിവേകപൂർവം എങ്ങനെ പണം ചെലവഴിക്കാം എന്നതിനെക്കുറിച്ചുള്ള പദ്ധതിയാണ്!!

image.png
ബഡ്ജറ്റിംഗ് എന്തിന്.   

ആദ്യമായി നമ്മുടെ കുടുംബത്തിന്റെ വരവ് ചെലവ് കണക്കുകളെക്കുറിച്ചു പൂർണ ബോധവാനാകുക എന്നുള്ളതാണ്. മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം ഒരു പട്ടിക തയ്യാറാക്കുക. നമ്മുടെ കുടുംബത്തിലെ എല്ലാ ചിലവുകൾക്കും ആദ്യമേ തന്നെ  പരിധികൾ നിശ്ചയിക്കുക, ശേഷം എത്രയാണ് ഓരോന്നിനും ചിലവഴിക്കപ്പെട്ടതെന്നും . നിശ്ചയിക്കപ്പെട്ട തുകയിൽ നിന്നുമുള്ള വ്യത്യാസം അത് കൂടുതലാണോ കുറവാണോ എന്ന് എഴുതിവയ്ക്കുക. ഇപ്പോൾ ഈ ചിലവുകളിൽ പ്രാധാന്യമുള്ളത്, പ്രാധാന്യമില്ലാത്തത്, വളരെ പ്രാധാന്യമുള്ളത് എന്നിങ്ങനെ വേർതിരിക്കുക വളരെ എളുപ്പമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരിധിയിൽ നിന്നും വീണ്ടും ചിലവുകൾ വെട്ടിച്ചുരുക്കുക എന്നത് വീണ്ടും സാധ്യമായേക്കാം. കൃത്യമായ ബഡ്ജറ്റിങ്ങിലൂടെ ഏതൊരാൾക്കും പണത്തിന്മേലുള്ള പൂർണമായ നിയന്ത്രണം, വ്യക്തമായ വിനിയോഗം, സാമ്പത്തിക അച്ചടക്കം, സ്ഥിരമായ മുൻഗണന എന്നിവ കൈവരിക്കാനാവുന്നതാണ്.

image.png
50/30/20 മാജിക് ബഡ്ജറ്റിംഗ് ഫോർമുല.  

മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം വരുമാനത്തിന്റെ 50% അത്യാവിശ്യങ്ങൾക്ക് 30%  ആവിശ്യങ്ങൾക്കു 20% സേവിങ്‌സും നിക്ഷേപത്തിനുമായി നിജപ്പെടുത്തുക. നിങ്ങളുടെ വരുമാനം അതെത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, ഏതു പ്രായത്തിലുള്ള ആളുമായിക്കൊള്ളട്ടെ  എലിസബത് വാറന്റെ വിഘ്യാതമായ 50/30/20 ഫോർമുല ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം നേടുന്നതിനു നിങ്ങളെ സഹായിക്കും. തുടക്കത്തിൽ അസ്വസ്ഥകളുണ്ടാക്കുമെങ്കിലും പതിയെ പതിയെ ഈ നിയമം കുടുംബത്തിലെ സന്തോഷം ഒട്ടും ചോരാതെ തന്നെ ഒരു ശീലമായി മാറുകയും ചെയ്യും. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ വരുമാനത്തിന്റെ 20 ശതമാനത്തിൽ കൂടുതലായി സേവിങ്‌സിനും നിക്ഷേപത്തിനും മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും, കൂടുതൽ വരുമാനത്തിനായി ശ്രമിച്ചു വരുമാനം വർധിപ്പിക്കുമ്പോൾ ഈ 50/30/20 നിയമം  മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം 40/20/40 എന്ന ക്രമത്തിലേക്കു മാറ്റേണ്ടതുമാകുന്നു.

നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശരിയായ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുക. എല്ലാവർക്കും യോജിച്ച ഫിനാൻഷ്യൽ പ്ലാനിങ്ങും ശരിയായ നിക്ഷേപ മാർഗനിർദേശവും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാൻ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക. സന്തോഷകരമായ ജീവിതത്തിനായി പണത്തെ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവർക്കുമാകട്ടെ.