റിസ്കിനെ ഭയക്കുകയല്ല, പകരം റിസ്ക് മാനേജ് ചെയ്യാൻ പഠിക്കുകയാണ് വേണ്ടത്.
കൃഷി നമ്മൾ ചെയ്യുന്നില്ലെങ്കിലും എന്തോ കൃഷിക്കാരോട് പണ്ടേ ഭയങ്കര ബഹുമാനമാണ്. അതുകൊണ്ടു തന്നെയാണ് ഒരിക്കൽ എന്റെ ഓഫീസിൽ ഒരു വാഴക്കൃഷിക്കാരൻ വന്നപ്പോൾ അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞതും കാര്യങ്ങൾചോദിച്ചറിഞ്ഞതും. എന്തുകൊണ്ടാണെന്നല്ലേ?, ഈ ലോകത്തിൽ ഉപജീവനത്തിന് മറ്റെന്തെല്ലാം ജോലിയുണ്ടായിട്ടും അതെല്ലാം വിട്ടു വാർധക്യത്തിൽ പോലും ഇത്രയധികം റിസ്കിയായ, ഇറക്കിയ പണം തിരിച്ചുകിട്ടുമെന്നു ഒരുറപ്പുമില്ലാത്ത കൃഷി തിരഞ്ഞെടുത്തു ചെയ്യുന്നതുകൊണ്ട്.
ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഒരു ശരാശരി കർഷകൻ കൃഷിയിലെ വിവിധ ഘട്ടങ്ങളിലെടുക്കുന്ന റിസ്കിനെക്കുറിച്ചു?. ഉദാഹരണത്തിന് വാഴക്കൃഷി തന്നെയെടുക്കാം. ഒരു വാഴതൈ നട്ട് അത് കുലച്ചു വാഴക്കുല വെട്ടിയെടുത്തു കടയിൽ കൊടുത്തു പണം സ്വന്തം കീശയിലാകുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആ കർഷകനു നേരിടേണ്ടി വരുന്ന നഷ്ടസാധ്യതകൾ (RISK) കുറച്ചൊന്നുമല്ല !!.
എന്തെല്ലാമാണ് വാഴക്കൃഷിയിലെ റിസ്ക്.
ഒരു വാഴതൈ നട്ട ശേഷം പരിപാലന വേളയിൽ, തൈയുടെ ചുവട്ടിൽ ഒഴിക്കുന്ന വെള്ളം കൂട്ടിയാലും തൈ കേടായിപ്പോവും കുറഞ്ഞാലും കേടായിപ്പോവും. ഇനി മുളച്ചു വന്നശേഷം അത് പശുവോ, ആടോ, കോഴിയോ തിന്നാതെ നോക്കണം. കുറച്ചങ്ങു വളർന്ന ശേഷം തണ്ടു തുരപ്പൻ പുഴു കുത്താതെ നോക്കണം, അതേതു നട്ടപ്പാതിരക്കാണ് കേറുന്നതെന്നു ആർക്കറിയാം. പോട്ടെ വാഴ കുലച്ചു വരുന്നതിനു മുൻപായി തന്നെ മഹാളി രോഗം പോലുള്ളവ പിടിക്കാതെ നോക്കണം. കുലച്ചതിന് ശേഷം വാഴ വീഴാതെ നോക്കണം. ഇനി അതെല്ലാം പോട്ടെ, വാഴക്കുല മൂത്തു കുല വെട്ടാൻ പോകുന്നതിനിടെ തലേന്ന് രാത്രി കാറ്റടിച്ചു വീണാൽ പോയില്ലേ സർവത്ര!!!.
ഓരോ കൃഷിയിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഇത്രയധികം റിസ്ക് ഉണ്ടെന്നറിഞ്ഞിട്ടും ഇവരെല്ലാം വാഴക്കൃഷി വളരെ ആനന്ദത്തോടെ ചെയ്യുന്നു. ആരും കൃഷിയിലെ റിസ്ക് കണ്ടിട്ട് ഈപ്പണി ഞങ്ങൾക്ക് വേണ്ട അല്ലെങ്കിൽ ഇനി മുതൽ കൃഷി വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. എന്തായിരിക്കും ഇതിന്ടെ ഗുട്ടൻസ്?.
ജീവിതത്തിൽ നമ്മൾ കഷ്ടപ്പെട്ടധ്വാനിച്ചുണ്ടാക്കി
നമ്മുടെ നായകൻ കൃഷിക്കാരനോടൊപ്പം ↑
അതിന്ടെ രഹസ്യമറിയേണ്ടേ?, രഹസ്യമിതാണ്. വാഴകൃഷിയിൽ വരാൻ പോകുന്ന എല്ലാ ഭാവി പ്രശ്നങ്ങളും (Future outcomes ) കൃഷിക്കാരൻ മുൻകൂട്ടി അറിഞ്ഞു വച്ചിട്ടുണ്ട്. ഉദാ: യഥാസമയത്തുള്ള ജലസേചനം , തണ്ടുതുരപ്പൻ പുഴു ആക്രമണം, മഹാളി രോഗം, വാഴ മറിഞ്ഞുവീഴൽ etc. കൃഷി തുടങ്ങുന്നതിനു മുൻപുതന്നെ ഭാവിയിൽ വന്നേക്കാവുന്ന സകല പ്രശ്നങ്ങളെക്കുറിച്ചും, അവയെമറികടക്കാനുള്ള പ്രധിവിധികളെക്കുറിച്ചും കൃഷിക്കാരൻ കൃഷി തുടങ്ങുന്നതിനു മുമ്പുതന്നെ ബോധവാനാണ്. ഇനി ഇവയോരോന്നിനുമുള്ള പ്രതിവിധികൾ യഥാസമയത്തു തന്നെ ചെയ്യാൻ മാത്രം കൃഷിക്കാരൻ ശ്രദ്ധിച്ചാൽ മതി. അതായത് തണ്ടുതുരപ്പൻ പുഴുവിനുള്ള മരുന്ന് തൈ നട്ടു ആറു മാസമെങ്കിലും കഴിഞ്ഞു അടിച്ചാൽ മതി അല്ലാതെ തൈ നടുന്ന സമയത്തു അതിന്റെ മരുന്നിനോടേണ്ടതില്ല!!. അതുപോലെ വാഴ വീഴാതിരിക്കാൻ താങ്ങു കൊടുക്കുന്നതും കുലക്കുന്നതിനു തൊട്ടു മുൻപോ അതിനു ശേഷമോ നോക്കിയാൽ മതി.
ഇങ്ങനെ തന്ടെ കൃഷിയിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ ഭാവി പ്രശ്നങ്ങളും മുൻകൂട്ടി അറിഞ്ഞ ശേഷം അതിനുള്ള പ്രതിവിധികൾ യഥാസമയത്തു ചെയ്യുന്നത് കൊണ്ടാണ് ഇത്രയേറെ റിസ്ക് ഉള്ള കൃഷി ഒരു ഭയവുമില്ലാതെ കർഷകൻ അനായേസേന ആനന്ദത്തോടെ നേരിട്ടതും പിന്തുടർന്നു പോരുന്നതും.
"Risk comes from not knowing what you're going".
ഇനി നിങ്ങളുടെ നിക്ഷേപത്തിലോട്ടു വരാം, നിക്ഷേപിക്കുന്നത് ഏതു അസറ്റ് ക്ലാസ്സിലുമായിക്കൊള്ളട്ടെ ( ഉദാ: മ്യൂച്ചൽ ഫണ്ട്, ഗോൾഡ് , റിയൽ എസ്റ്റേറ്റ് , ഫിക്സഡ് ഡെപ്പോസിറ് ) ഓരോ അസറ്റ് ക്ലസ്സിനും അതിന്റെതായ റിസ്ക് ഉണ്ട്. ഓരോന്നിലും നിക്ഷേപിച്ചാൽ വന്നേക്കാവുന്ന ഭാവി സാധ്യതകൾ മുൻകൂട്ടി അറിഞ്ഞിരിക്കുക എന്നുള്ളതാണ് പ്രധാനം. കൃഷിയിലേതുപോലെ തന്നെ റിസ്ക്, അതറിഞ്ഞിരുന്നാൽ അതിനുള്ള പ്രതിവിധിയും നമ്മൾക്കെടുക്കാവുന്നതേയുള്ളു. അതുകൊണ്ടു തന്നെയാണ് വാറൻ ബുഫേ ഒരിക്കൽ പറഞ്ഞത് "Risk comes from not knowing what you're going".
എന്നാൽ ഭൂരിഭാഗം വരുന്ന നിക്ഷേപകരും നിക്ഷേപത്തിന് മുൻപ് റിസ്കിനെക്കുറിച്ചു ബോധവാന്മാരല്ല. ഇനി മറ്റു ചിലരാകട്ടെ റിസ്കിനെ (RISK ) അനിശ്ചിതാവസ്ഥയായി തെറ്റുധരിക്കുന്നു. (uncertainty ). റിസ്ക് ഒരിക്കലും അനിശ്ചിതാവസ്ഥയല്ല എന്നോർക്കുക. റിസ്‌ക് എന്നതിനെ നിങ്ങൾക്കു നിയന്ത്രിക്കാനും അളക്കാനും കഴിയും. പക്ഷെ അനിശ്ചിതാവസ്ഥയെ ഒരിക്കലും സാധിക്കില്ല.
മ്യൂച്ചൽഫണ്ട് അല്ലെങ്കിൽ ഓഹരി നിക്ഷേപം എന്ന് കേൾക്കുമ്പോഴേ ഏതൊരു സാധാരണക്കാരൻറെയും മനസ്സിലും ആദ്യം ഓടിയെത്തുന്ന വാചകം " മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഓഹരിവിപണിയിലെ ലാഭ നഷ്ടങ്ങൾക്കു വിധേയമാണ്" എന്ന വാചകമായിരിക്കും. ഇവിടെ ഈ റിസ്കിനെ ഭയന്നാണ് ഭൂരിഭാഗം ആളുകളും മ്യൂച്ചൽഫണ്ട് നിക്ഷേപത്തിൽ നിന്നും പിന്തിരിഞ്ഞു നിക്കുന്നത്. മറ്റേതൊരു നിക്ഷേപത്തേക്കാളും മികച്ച നേട്ടം കാലാകാലങ്ങളായി മ്യൂച്ചൽഫണ്ടുകൾ നൽകിയിട്ടുണ്ടെന്ന് കാര്യത്തിൽ ആർക്കും തർക്കമില്ലാതിരുന്നിട്ടുകൂടി ഓരോ നിക്ഷേപകനും ഭയക്കുന്ന മ്യൂച്ചൽഫണ്ടിലെ പ്രധാന റിസ്‌ക് ആണ് മാർക്കറ്റ് റിസ്‌ക് (Market Risk ). നമ്മുടെ കർഷകൻ വളരെ എളുപ്പം കൃഷിയിലെ റിസ്ക് മറികടന്നപോലെ ഇവിടെ നമ്മൾ ഇതിനെ ഏതു മരുന്നുകൊണ്ട് നേരിടും?.
ഏതൊരു നിക്ഷേപത്തെയും പൊതുവായി വിലയിരുത്തുന്നത് അതിലെ റിസ്ക് , റിവാർഡിനനുസരിച്ചാണ്. നിക്ഷേപത്തിൽ എത്രത്തോളം റിസ്ക് കൂടുന്നുവോ അത്രത്തോളം തന്നെ ഉയർന്ന നേട്ടം നല്കാൻ പ്രസ്തുത നിക്ഷേപത്തിന് പ്രാപ്തിയുണ്ടായിരിക്കും. എന്നാൽ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഈ റിസ്ക് മാനേജ് ചെയ്യുക എന്നത് പ്രധാന വെല്ലുവിളി തന്നെയാണ്. എന്തെന്നാൽ ഓരോ നിക്ഷേപകനും റിസ്ക് മാനേജ് ചെയ്യാനുള്ള തത്രങ്ങൾ അറിയാത്തിടത്തോളം കാലം ഉയർന്ന റിസ്കുള്ള നിക്ഷേപത്തിൽ നിന്ന് ഉയർന്ന നേട്ടം ലഭിക്കുക എന്നത് അപ്രാപ്യമായിരിക്കും.
ഏതൊരു നിക്ഷേപകനും ആയാസരഹിതമായി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ റിസ്ക് മാനേജ് ചെയ്യാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ഇതാ.
- ) അസറ്റ് അലോക്കേഷൻ ( Asset Allocation ):-
ഒരു നിർദിഷ്ട സാമ്പത്തിക ലക്‌ഷ്യം നേടുന്നതിനു വേണ്ടി നിങ്ങളുടെ നിക്ഷേപ പോർട്ടഫോളിയോയെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വരുമാനം , വയസ്സ് , റിസ്ക് എടുക്കാനുള്ള ശേഷി എന്നിവയെ അടിസ്ഥാനമാക്കി ഇക്വിറ്റി, ബോണ്ട്, ക്യാഷ് , ഗോൾഡ് എന്നീ വിവിധ തരം ആസ്തി ക്ലാസ്സുകളായി വിഭജിച്ചു വിന്യസിക്കുന്ന പ്രക്രിയ ആണ് അസറ്റ് അലോക്കേഷൻ. നിങ്ങളുടെ പോർട്ടഫോളിയോയുടെ വിജയത്തിലെ സുപ്രധാന ഘടകമാണിത്.എങ്ങനെയായിരിക്കും ഒരു കൃഷിക്കാരൻ താൻ ഏതു വിളയാണ് കൃഷി ചെയ്യാൻ പോകുന്നതെന്ന തീരുമാനമെടുക്കുന്നത് ?. കൃഷിക്ക് മുൻപുതന്നെ വിളവ് ലഭിക്കാനുള്ള കാലദൈർഘ്യത്തിന്ടെയും, മൂല്യത്തിന്റെയും അടിസ്ഥാനത്തിലല്ലേ വിത്ത് തിരഞ്ഞെടുക്കുന്നത്?. ചീരകൃഷിയിൽ വിളവ് ഒരു മാസംകൊണ്ട് കിട്ടുമെങ്കിൽ, വാഴക്കൃഷിയിൽ വിളവിനു ഒരു വർഷമെടുക്കും. എന്നാൽ നടുന്നത് തെങ്ങാണെങ്കിൽ വിളവ് ലഭിക്കാൻ ചുരുങ്ങിയത് 10 വർഷമെടുക്കും. എന്നാൽ നാളികേരകൃഷിയിൽ മറ്റുകൃഷിയില് നിന്ന് വിഭിന്നമായി പിന്നീടങ്ങോട്ട് പരിപാലനമൊന്നുമില്ലാതെതന്നെ ദീർഘകാലത്തേയ്ക്കു വിളവ് ലഭിച്ചുകൊണ്ടിരിക്കും. അതാണ് കൂടുതൽ റിസ്ക് എങ്കിൽ കൂടുതൽ റിവാർഡ് എന്നത്. അതുപോലെ തന്നെയാണ് അസറ്റ് അലോക്കേഷനും ചെയ്യേണ്ടത്. ഡെബ്റ് / ബോണ്ട് ഫണ്ടുകളേക്കാൾ ഉയർന്ന നേട്ടം ഇക്വിറ്റി ഫണ്ടുകളിൽ ലഭിക്കുമെന്ന് കരുതി നിങ്ങളുടെ നിക്ഷേപം മുഴുവനായി അതിൽ നിക്ഷേപിക്കരുത്. നിങ്ങളുടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള സമയദൈർഘ്യം, സാമ്പത്തിക സ്ഥിതി, വരുമാനം, വയസ്സ് എന്നിവയ്ക്കനുസൃതമായി വേണം ഇക്വിറ്റി, ബോണ്ട് , ക്യാഷ് , ഗോൾഡ് എന്നീ അസറ്റ് ക്ലാസ്സിലേക്കുള്ള വിന്വയം. - ) പോർട്ടഫോളിയോ വൈവിധ്യവത്കരണം (Portfolio Diversification )
ഒരേ അസറ്റ് ക്ലാസ്സിൽ തന്നെയുള്ള നിക്ഷേപത്തിൽ പൂർണമായി നിക്ഷേപിക്കാതെ വിവിധതരം സെക്ടറുകളിലായോ, കമ്പനികളിലായോ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം. മാർക്കറ്റ് വ്യതിയാനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിൽ വൈവിധ്യവത്കരണം വളരെയധികം സഹായിക്കുന്നു. കണ്ടിട്ടില്ലേ കൃഷിക്കാരൻ ഒരു വിളയെ മാത്രം ആശ്രയിക്കാതെ അതിനൊപ്പം ഇടവിളയും ദീർഘകാല വിളയും ഉൾപ്പെടുത്തി കൃഷി ചെയ്യുന്നത് ?. അതിലൂടെ യഥാർത്ഥ വിളയുടെ നഷ്ടസാധ്യതയാണ് കുറയ്ക്കുന്നത്.നിങ്ങൾ ഒരു കമ്പനിയുടെ ഓഹരിയിൽ മാത്രം നിക്ഷേപിക്കുകയാണെങ്കിൽ, റിസ്ക് വളരെ കൂടുതലും നിക്ഷേപത്തിന്റെ വളർച്ച പ്രസ്തുത കമ്പനിയുടെ പ്രകടനത്തെയും മാത്രം ആശ്രയിച്ചുമായിരിക്കും. ഇതിനെ "സിംഗിൾ-സെക്യൂരിറ്റി റിസ്ക്" എന്ന് വിളിക്കുന്നു. ഇത് നമ്മുടെ നിക്ഷേപ മൂല്യത്തിൽ വ്യാപകമായി ചാഞ്ചാട്ടമുണ്ടാക്കും. പകരം, നിങ്ങൾ 10 വിവിധ വ്യവസായ മേഖലകളിലെ 20 കമ്പനികളിൽ ഓഹരികൾ വാങ്ങുകയാണെങ്കിൽ, നിങ്ങൾ ഗണ്യമായ നഷ്ടത്തിനുള്ള സാധ്യത കുറയ്ക്കുകയാണ്. എന്തെന്നാൽ ഒരു കമ്പനിയുടെ വരുമാനം കുറയുകയാണെങ്കിൽ, മറ്റൊന്നിന്റെ വരുമാനം വർദ്ധിച്ചേക്കാം,ഇത് മോശം പ്രകടനക്കാരനെ ഓഫ്സെറ്റ് ചെയ്യാൻ സഹായിക്കും. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ വിവിധ വ്യവസായ മേഖലകളിലായുള്ള ഓഹരികളിലുള്ള നിക്ഷേപം വഴി വൈവിധ്യവത്കരണം സാധ്യമാവുന്നു. - ) SIP ഉപയോഗിക്കൂ, മാർക്കറ്റ് വ്യതിയാനങ്ങളെ ചങ്ങാതിയാക്കി മാറ്റൂ.
വിപണിയിലെ എല്ലാ അസ്ഥിരമായ അവസരങ്ങളെയും നേട്ടമാക്കി മാറ്റുവാൻ SIP (Systematic Investment Plan ) വഴിയുള്ള നിക്ഷേപത്തിന് സാധിക്കും. കൃത്യമായ തുക കൃത്യമായ ഇടവേളകളിൽ മാർക്കറ്റ് ലെവൽ പരിഗണിക്കാതെ തിരഞ്ഞെടുത്ത സ്കീമുകളിൽ നിക്ഷേപിക്കുന്നത് വഴി റുപ്പീ കോസ്റ്റ ആവറേജിങ് സാധ്യമാകുന്നു. ഓരോ വിപണി വ്യതിയാനത്തിലും നിക്ഷേപകന് കൂടുതൽ യൂണിറ്സ് ലഭിക്കുന്നത് വഴി റുപ്പീ കോസ്റ്റ ആവറേജിങ് സാധ്യമാകുന്നു, അതുവഴി നിങ്ങളുടെ നിക്ഷേപത്തിന്റെ വ്യതിയാനങ്ങളെ കുറയ്ക്കാനും അതിനെ നേട്ടമാക്കാനും SIP- കൾ സഹായിക്കുന്നു.
Leave a Reply