ഒരിക്കൽ ട്രെയിനിങ് പ്രോഗ്രാം നടക്കുന്നു. പ്രോഗ്രാമിനിടയ്ക്കു ട്രെയ്നർ എല്ലാവരോടുമായി ആവശ്യപ്പെട്ടത് ഒന്നേ ഒന്ന് മാത്രം!. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസത്തിലേയും 16 മണിക്കൂർ എനിക്ക് നൽകണം. അതെങ്ങനെ ചിലവഴിക്കണമെന്നു ഞാൻ ചിട്ടപ്പെടുത്തിത്തരും. ബാക്കി എട്ടു മണിക്കൂർ നിങ്ങളുടെ ഇഷ്ടം പോലെ വിനിയോഗിക്കാം. എല്ലാവരും ഇത് കേട്ട് ഒന്ന് അന്ധാളിച്ചു. കാരണം ഉറങ്ങുവാൻ തന്നെ വേണം 7-8 മണിക്കൂർ!.. പിന്നെ പ്രാഥമിക കൃത്യങ്ങൾ, ഭക്ഷണം, യാത്ര തുടങ്ങി എങ്ങനെ നോക്കിയാലും 3-4 മണിക്കൂർ വേറെ. എല്ലാവരുടെയും ഈ ചിന്ത അറിയാവുന്ന ട്രെയ്നർ പറഞ്ഞു.
"നിങ്ങൾ വിജയിക്കണം, ജീവിതത്തിൽ എന്തെങ്കിലും നേടണം എന്നാഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ സമയത്തെ വിലപിടിപ്പുള്ളതാക്കണം. ഓരോ നിമിഷങ്ങൾക്കും നിങ്ങൾ വില ഇടണം, അപ്പോൾ അറിയാം നിങ്ങൾ നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വില!!".
ശരിയല്ലേ?,
സമയങ്ങൾക്കു ഒരു വില നിശ്ചയിച്ചാൽ മനസ്സിലാകും ജീവിതത്തിലെ എത്ര വിലപിടിപ്പുള്ള നിമിഷങ്ങൾ ആണ് നമ്മൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ സർവ്വേ കണക്കുകൾ പറയുന്നത് ഇന്ന് ശരാശരി മൂന്നര മണിക്കൂറിനു മുകളിലാണ് നമ്മൾ സോഷ്യൽ മീഡിയകളിൽ ചിലവഴിക്കുന്നത് എന്നാണ്. ടെക്നോളജിയുടെ കുതിച്ചുചാട്ടം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, നമ്മളത് ശരിയായ രീതിയിലാണോ ഉപോയോഗിക്കുന്നത് അതോ വെറുതെ സമയം പാഴാക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു?. ഭൂരിഭാഗം പേരും പാഴാക്കിക്കളയുന്ന ഈ വിലപ്പെട്ട സമയം നിങ്ങൾ ജോലിസമയങ്ങളിൽ നിന്നാണ് കടം എടുത്തിരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ വരുമാനവും കുറക്കുകയും, അതല്ല കുടുംബവുമൊത്തു ചിലവഴിക്കുന്ന സമയങ്ങളിൽ നിന്നാണെടുത്തതെങ്കിൽ നിങ്ങളുടെ സുഖവും, സന്തോഷവും അപഹരിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇനി നമ്മുടെ സാമ്പത്തിക ജീവിതത്തിലേക്ക് വരാം. അവിടെയും രാജാവ് സമയം തന്നെയാണ്. അതിനാലാണ് എയ്ൻസ്റ്റീൻ ഒരിക്കൽ പറഞ്ഞത് "ലോകത്തിലെ 8 മത്തെ മഹാത്ഭുതം കണക്കിലെ കോംപൗണ്ടിങ് ആണ് എന്നും, സമയം പണമാണെന്നും ആരാണോ അത് മനസിലാക്കുന്നത് അവർ സമ്പാദിക്കുന്നു, അല്ലാത്തവർക്ക് ജീവിതത്തിൽ അതിന്റെ വില നൽകേണ്ടി വരുന്നു.". ഏതൊരാൾക്കും മനസ്സുവെച്ചാൽ പണം എത്ര വേണമെങ്കിലും സമ്പാദിക്കാം. എന്നാൽ ഒരിക്കലും സാധിക്കാത്തതു നമ്മൾക്കു തന്നിരിക്കുന്ന സമയത്തിൽ നിന്നും ഒരു മിനുറ്റുപോലും കൂട്ടുവാൻ കഴിയില്ല എന്നതാണ്. സർവേശ്വരൻ എല്ലാവര്ക്കും ഒരു പക്ഷഭേദവുമില്ലാതെ തുല്യമായി നൽകിയത് സമയം മാത്രമാണ്.
കോംപൗണ്ടിങ് എന്ന മാജിക്.
താഴെ പറയുന്നവയിൽ നിന്നും ഏതെങ്കിലും ഒന്ന് മാത്രമേ സ്വീകരിക്കാവൂ എങ്കിൽ നിങ്ങൾ ഏതെടുക്കും?
- ഇന്ന് മുതൽ വരുന്ന 30 ദിവസത്തേയ്ക്ക് ഓരോ ദിവസവും 50000 രൂപ വീതം മുപ്പതു ദിവസവും നിങ്ങൾക്ക് വേണോ?.
അതോ?
- വെറും 1 പൈസ ഓരോ ദിവസവും ഇരട്ടിപ്പിച്ചു, 1 പൈസ, 2 പൈസ, 4 പൈസ എന്നിങ്ങനെ മുപ്പതാമത്തെ ദിവസം എത്രയാകുന്നുവോ ആ തുക നിങ്ങൾക്ക് വേണോ?.
ഭൂരിഭാഗം ആളുകളും സ്വീകരിക്കുക ആദ്യത്തെ ഓപ്ഷനായിരിക്കും. എന്തെന്നാൽ 30 ദിവസത്തേയ്ക്ക് ദിവസവും 50000 രൂപ വീതം ലഭിച്ചാൽ മൊത്തം 15 ലക്ഷം രൂപയുണ്ടാകും. വലിയ തുക തന്നെ എന്നാൽ 1 പൈസ 30 തവണ ഇരട്ടിച്ചുകൊണ്ടിരുന്നാൽ എത്രയാകും എന്നറിയാമോ?. 1 കോടി രൂപ !! . ആശ്ചര്യപ്പെടുന്നുണ്ടാകും അല്ലെ ?. അതാണ് കോംപൗണ്ടിങ്ങിനെ ശക്തി. 1 പൈസ 1 ലക്ഷം രൂപയാവാൻ 24 തവണ ഇരട്ടിക്കേണ്ടി വന്നെങ്കിൽ പിന്നീടങ്ങോട്ട് വെറും 6 തവണ കൂടി ഇരട്ടിച്ചപ്പോൾ 1 കോടി രൂപയായി വർധിച്ചതായി കാണാം ചാർട് നോക്കിയാൽ. എത്രത്തോളം സമയം കൂടുതൽ ലഭിക്കുന്നുവോ അത്രത്തോളം തന്നെ പവർ ഓഫ് കോംപൗണ്ടിങ്ങിന്റെ മാജിക് പ്രവർത്തിക്കുന്നു.

കോംപൗണ്ടിങ് മാജിക് എങ്ങനെ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിൽ ഉപകാരപ്പെടുത്താം?
ഒരു ശരാശരി മലയാളിയുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണല്ലോ മകളുടെ വിവാഹം. ഇന്നത്തെ നിലക്ക് ഒരു 50 പവൻ സ്വർണവും കൊടുത്തു വിവാഹം നടത്താൻ ചെലവ് 15 ലക്ഷം രൂപയോളം വരുമെന്നിരിക്കട്ടെ. കല്യാണപ്രായം 25 വയസ്സായി കണക്കാക്കിയാൽ ഇന്നത്തെ 15 ലക്ഷം രൂപ പണപ്പെരുപ്പം മൂലം വർധിച്ചു 25 വർഷം തികഞ്ഞു കല്യാണസമയമാവുമ്പോഴേക്കും 85 ലക്ഷം രൂപയോളമായിരിക്കും. ബഹു ഭൂരിപക്ഷം മാതാപിതാക്കൾക്കും ഈ ചിലവിനെപ്പറ്റി മുൻപേ അറിയാമെങ്കിലും, പണത്തിനുവേണ്ടിയോടുന്നതു കല്യാണത്തിന്റെ അവസാന വർഷമായിരിക്കും. ഫലത്തിൽ അവരുടെ ശമ്പളമോ, കയ്യിലുള്ള നീക്കിയിരുപ്പോ ഒന്നും തികയാതെ വരുന്നു. അവസാനം ഒരു പോംവഴിയുമില്ലാതെ കയ്യിലുള്ള സ്ഥലമോ വീടോ വിറ്റായിരിക്കും കല്യാണം നടത്തുന്നത്. അല്ലെങ്കിൽ ആരോടൊക്കെയോ കടം വാങ്ങിച്ചു നടത്തുന്ന കല്യാണത്തിന്റെ കടം വീട്ടാനുള്ള ദുരിത ജീവിതമാവും ആ മാതാപിതാക്കൾക്ക് പിന്നീടങ്ങോട്ട്.
എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി മുൻകൂട്ടി മകളുടെ വിവാഹചിലവിനു വേണ്ടി ഓരോ മാസവും നിശ്ചിത തുക മാറ്റിവച്ചുകൊണ്ടു, അതിനുവേണ്ടിയായി ഒരു നിക്ഷേപം തുടങ്ങിയാൽ, ആ നിക്ഷേപം ശരാശരി 12 % ആദായം തരുകയാണെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ട തുകയിലുള്ള വ്യത്യാസം നോക്കൂ.
- കല്യാണത്തിന് 1 വർഷം മുൻപ് നിക്ഷേപം ആരംഭിച്ചാൽ പ്രതിമാസം 1,25,000 രൂപ.
- കല്യാണത്തിന് 5 വർഷം മുൻപ് ആരംഭിച്ചാൽ പ്രതിമാസം 21,250 രൂപ.
- കല്യാണത്തിന് 10 വർഷം മുൻപ് ആരംഭിച്ചാൽ പ്രതിമാസം 13,000 രൂപ.
- കല്യാണത്തിന് 15 വർഷം മുൻപ് ആരംഭിച്ചാൽ പ്രതിമാസം 8,500 രൂപ.
- കല്യാണത്തിന് 20 വർഷം മുൻപ് ആരംഭിച്ചാൽ പ്രതിമാസം 6,200 രൂപ.
- കല്യാണത്തിന് 25 വർഷം മുൻപ് ആരംഭിച്ചാൽ പ്രതിമാസം 4,500 രൂപ.

അതായതു മകൾ ജനിക്കുമ്പോഴേ വ്യക്തമായി പ്ലാൻ ചെയ്തു നിക്ഷേപം ആരംഭിച്ചാൽ, കല്യാണച്ചിലവിനു വേണ്ടി മാതാപിതാക്കൾക്ക് പിന്നീടങ്ങോട്ടുള്ള 25 വർഷം പ്രതിമാസം മാറ്റിവെക്കേണ്ടത് വെറും 4500 രൂപ. അതായത് ശരാശരി 30000 രൂപ ശമ്പളമുള്ള ഒരാളെ സമ്പന്ധിച്ചിടത്തോളം ശമ്പളത്തിന്റെ 15 % ശതമാനമോ അതിൽകുറവോ മാത്രമേ നിക്ഷേപിക്കേണ്ടതായുള്ളൂ. എന്നാൽ മകൾ ജനിച്ചു 5 വർഷം പാഴാക്കിയതിനു ശേഷമാണു ഈ വ്യക്തി നിക്ഷേപം തുടങ്ങുന്നതെങ്കിൽ 4500 ഇന് പകരം 6200 രൂപ ചെയ്യേണ്ടതായി വരും. പിന്നീടങ്ങോട്ടുള്ള ഓരോ 5 വർഷം കഴിയുമ്പോഴും ഈ ശതമാനത്തിൽ വൻ വർധനവാണുണ്ടാകുന്നത്. സമയം പാഴാക്കുന്നത് കൊണ്ട് മാത്രമാണ് നമ്മുടെ ജീവിതത്തിലെ ഓരോ സാമ്പത്തിക ലക്ഷ്യങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരുന്നത്. എത്രത്തോളം നേരത്തെ സമയം പാഴാക്കാതെ നിക്ഷേപിക്കുന്നുവോ അത്രത്തോളം കോംപൗണ്ടിങ്ങിന്റെ ഗുണം ലഭിക്കുകയും, ചെറിയ നിക്ഷേപം കൊണ്ട് വലിയ തുക സമാഹരിക്കാനും കഴിയുന്നു.
ഇനി പറയൂ സമയമല്ലേ പണം?, നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിനേക്കാൾ പ്രാധാന്യം നിങ്ങളുടെ പക്കലുള്ള സമയത്തിനല്ലേ?. വളരെ നേരത്തെ നിക്ഷേപം പ്ലാൻ ചെയ്യുന്നതിലൂടെ നിക്ഷേപങ്ങൾക്ക് സമയം കൂടുതൽ ലഭിക്കുകയും, കുറഞ്ഞ തുകയുടെ നിക്ഷേപത്തിലൂടെ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനാവും. അതുതുകൊണ്ടാണ് പറയുന്നത് " A Fool with a plan can beat a genius with no plan. സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള പ്രധാന വ്യത്യാസം അവർ സമയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നിടത്താണ്. ആരാണ് വിജയിക്കുന്നവർ?. സ്വന്തം ജീവിതത്തിൽ സമയത്തിനു വില കല്പിക്കുകയും, ചിട്ടപ്പെടുത്തുകയും ചെയ്യുന്നവർ ആരുണ്ടോ അവർ തീർച്ചയായും വിജയിക്കും.
ഭാവിയെക്കുറിച്ചു നിറമാർന്ന സ്വപ്നങ്ങളില്ലാത്തവരാരും തന്നെയില്ല. നല്ലൊരു വീട്, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, നല്ലൊരു കാറു വാങ്ങണം, കുടുബബവുമൊത്തു വിദേശത്തേക്കൊരു യാത്ര പോവണം, റിട്ടയർമെന്റ് കാല ജീവിതം, ഇങ്ങനെ എല്ലാവർക്കും വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. ജനിച്ചു പോയെങ്കിൽ ഇതെല്ലം നിറവേറ്റിയെ മതിയാകൂ. എന്നാൽ എത്ര പേർ ഇതിന്റെയെല്ലാം പ്രാധാന്യം മനസ്സിലാക്കി മുൻകൂട്ടി പ്ലാൻ ചെയ്തു നിക്ഷേപിക്കുന്നുണ്ട്?. ജീവിതത്തിലെ ഓരോ സാമ്പത്തിക ലക്ഷ്യങ്ങളും നിങ്ങൾക്കാവിശ്യം വരുന്നത് കൃത്യമായിട്ടറിയാമെങ്കിൽ, അതിനു വേണ്ടുന്ന സമയദൈർഘ്യവുമറിയാമെങ്കിൽ എന്ത് കൊണ്ട് അവ നേടിയെടുക്കാൻ സമയത്തെ ഫലപ്രദമായി വിനിയോഗിച്ചുകൂടാ. ഓർക്കുക! നമ്മുടെ ജോലി എന്തുമായിക്കൊള്ളട്ടെ, ഉപജീവനത്തിന് മരണം വരെ പണിയെടുക്കേണ്ടി വരുന്നത് നമ്മൾക്ക് ശമ്പളം കുറവായതു കൊണ്ടോ പണമില്ലാത്ത കൊണ്ടോ അല്ല, മറിച്ചു സമയത്തിന്റെ വില മനസ്സിലാക്കാതെ ജീവിതത്തിൽ അത് പാഴാക്കി ജീവിക്കുന്നതുകൊണ്ടാണ്.
ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിലുള്ള ദീർഘകാല നിക്ഷേപത്തിലൂടെ മുകളിൽ കാണിച്ച പ്രകാരം 12 ശതമാനമോ അതിൽ കൂടുതലോ വാർഷിക ആദായം നേടാവുന്നതാണ്. നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശരിയായ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുക. ഓരോരുത്തർക്കും യോജിച്ച ഫിനാൻഷ്യൽ പ്ലാനിങ്ങും ശരിയായ മാർഗനിർദേശവും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാൻ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക. സന്തോഷകരമായ ജീവിതത്തിനു സമയം ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവർക്കുമാകട്ടെ.
Leave a Reply